2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

സ്വാമി

കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ തിരൂർ തുഞ്ചൻ കോളേജിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ പറ്റി.നല്ലവരായ ചില സുഹൃത്തുക്കൾ ക്ഷണിച്ചതുകൊണ്ടും പിന്നെ ഷൗക്കത് ,ഷിനാസ് ചേന്നമംഗലൂർ തുടങ്ങിയ പ്രാസംഗികർ ഉള്ളതിനാലും ,വിഷയം "ഭാരതീയ ദർശനം" ആയതിനാലും  ഒഴിവാക്കാൻ പറ്റാത്തതായിരുന്നു ആ സെമിനാർ  . അന്ന് പ്രസംഗിച്ചവരിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഒരു സ്വാമിയുടെ പ്രസംഗമായിരുന്നു , പേരോർമ്മയില്ല . കാഷായ വസ്ത്ര ധാരി ആണെങ്കിലും  അദ്ദേഹം വ്യവസ്ഥാപിത മത ,ദൈവ വിശ്വാസങ്ങൾക്ക്  എതിരെ നിൽക്കുന്ന ആളായിരുന്നു .പ്രസംഗത്തിനിടയിൽ, ജീവിത ലക്ഷ്യം ,സന്തോഷം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നതിനിടെ  അദ്ദേഹം വിവരിച്ച ഒരു സംഭവം എന്നെ സ്പർശിച്ചു . അതുകൊണ്ടു അതു പങ്കുവെക്കാം എന്നു തോന്നി.

സ്കൂളിൽ പഠിക്കുന്ന കാലത്തു അദ്ദേഹത്തിന് ഒരു നല്ല സഹപാഠി ഉണ്ടായിരുന്നു .അവനും സ്വാമിയും പഠിപ്പിലും സ്പോർട്സിലും എല്ലാം എപ്പോഴും മത്സരമായിരുന്നു .സ്വാമിയാണ് എപ്പോഴും ഒന്നാമത് , സുഹൃത്തു രണ്ടാമനും .വർഷങ്ങൾ കഴിഞ്ഞു ഈ അടുത്ത കാലത്തു ഒരു ദിവസം സന്ധ്യക്ക്‌ സ്വാമി ബസിറങ്ങി വീട്ടിലേക്കു നടന്നു പോകുമ്പോൾ ഒരു വളരെ expensive  ആയ വിദേശ നിർമിത കാർ അദ്ദേഹത്തിന്റെ അടുത്തു വന്നു നിർത്തി.നോക്കുമ്പോൾ പഴയ ആ സുഹൃത്താണ്,കുടുംബവും ഉണ്ട് കൂടെ .ഇപ്പോൾ അവൻ ഏതോ വലിയ മുൾട്ടിനാഷണൽ കമ്പനിയിൽ വലിയ പൊസിഷനിലാണ് .കൂടെ ഡിന്നർ കഴിക്കാൻ ക്ഷണിച്ചു അവർ .തൃശൂരിലെ ഏതോ വലിയ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ സുഹൃത്തു സ്വാമിയോട് ചോദിച്ചു ,
,"നിനക്കെന്താടാ പറ്റിയത്?. പഠിക്കുന്ന കാലത്തു നീ എന്റെ മുന്നിലായിരുന്നു ,എന്നിട്ടു ഞാനിപ്പോ ഓടിക്കുന്നത് 1 കോടിയുടെ കാറും ,നീ ഈ കാവിയുടുപ്പിൽ ഊരു തെണ്ടലും. നിന്നെ ഞാൻ  എന്നിലും വലിയ ഒരു പൊസിഷനിലാ കണ്ടത്  ". സ്വാമി അവനോടു തിരുച്ചു ചോദിച്ചു,
 "നീ ഒരു കോടിയുടെ കാറോടിക്കുന്നു ,എത്രയോ വലിയ ശമ്പളം പറ്റുന്നു .കുടുംബത്തിന്റെ കൂടെ ജീവിക്കുന്നു .എന്നിട്ടു at the end of the day നീ സന്തോഷവാനാണോ ?"..

"തീർത്തും ഞാൻ വളരെ സന്തോഷവാനാണ്" അയാൾ  പറഞ്ഞു.

സ്വാമിയുടെ മറുപടി,
" ഇതൊക്കെ ഉണ്ടായിട്ടു  നീ സന്തോഷവാനാണ് ,ഇതൊന്നുമില്ലാതെ ഞാനും സന്തോഷവാനാണ് .പിന്നെ ഇവിടെ എന്താണ് പ്രശ്നം ? "

അതാണ് ..നമ്മൾ മറ്റുള്ളവരുടെ സന്തോഷം അളക്കുന്നത് നമ്മുടെ അളവുകോൽ വച്ചിട്ടാണ് .ഒരാളും നമ്മെക്കാൾ സന്തോഷം കുറഞ്ഞ ജീവിതമാണ് ജീവിക്കുന്നതെന്ന് പറയാൻ നമുക്കു ധാർമികമായി ഒരാവകാശവുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ