ആരെക്കെയോ കയ്യും കാലും പിടിച്ചു ,കണ്ണീകണ്ടവരുടെ അടുത്തൂന്നും കടം വേടിച്ചുമാണ് പ്രകാശേട്ടൻ ഗൾഫിൽ പോയത്...അവിടെ ചെന്നപ്പോളാണ് പറഞ്ഞ ജോലിയൊന്നുമല്ല ,കൂടെ ശമ്പളവും കിട്ടുന്നില്ല എന്ന അവസ്ഥയിലേക്കാണു താൻ എത്തിയത് എന്ന് മൂപ്പർക്ക് മനസ്സിലായത്.എങ്ങനെയോ 100 ദിവസം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി...അപ്പോഴാണ് പ്രകാശേട്ടന് ഒരു കാര്യം മനസ്സിലായത് .തന്റെ ഈ അവസ്ഥയിൽ തന്നെക്കാൾ കൂടുതൽ നാട്ടുകാർക്കാണ് വിഷമം എന്നത്...ടൗണിൽ ഒരു ചെറിയ തയ്യൽ കട ഉള്ളതുകൊണ്ട് മൂപ്പരെ മിക്ക പേർക്കും അറിയാം ."എന്താ പ്രകാശാ ..ഗൾഫിലും ഒന്നും നടന്നില്ല അല്ലെ "തുടങ്ങിയ ചോദ്യങ്ങൾ കേട്ട് മൂപ്പർക്ക് പിരിവെട്ടാൻ തുടങ്ങി.അങ്ങനെ ഇരിക്കുമ്പോളാണ് ആ കാരണവർ കടയിലേക്ക് വരുന്നത്."എന്തെ പ്രകാശാ ..എന്താ പറ്റിയത്..എന്നാലും അനക്ക് രക്ഷ പെടാനുള്ള ചാൻസ് അല്ലൈന്നാ ?"മുതലായവ വരാൻ തുടങ്ങി .പ്രകാശേട്ടനു ഒന്നും മറുത്തു പറയാനും വയ്യ.കാരണോർ അല്ലേ !! ..."എന്നാലും അനക്ക് ഒന്ന് പിടിച്ചു നിൽക്കൈന്നു അവിടെ"...അതിൽ പിന്നെ പ്രകാശേട്ടനു കൺട്രോൾ പോയി.മൂപ്പരുടെ മറുപടി ,- "എന്താ ചെയ്യാ കാരണോരെ ,എണ്ണ ഉത്പാദിപ്പിക്കണ നാടല്ലേ ,വയ്കളിച്ചു പൊന്നു .ഗ്രിപ് കിട്ടീല"...പിന്നെ കുറേ നാളത്തേക്ക് കാരണോർ ശല്യ പെടുത്തിയിട്ടില്ല .
ഓർമകൾ
2019 ഏപ്രിൽ 25, വ്യാഴാഴ്‌ച
ട്രൈജിമിനൽ ന്യൂറോളജിയ
"ട്രൈജിമിനാൽ ന്യൂറോളജിയാ .....!!!അതാണീ അസുഖം .15000 ത്തിൽ ഒരാൾക്ക് കൊല്ലത്തിൽ ഒരിക്കൽ വരുന്ന അപൂർവ അസുഖം ." കോഴിക്കോട്ടെ ആ പ്രമുഖ ആശുപത്രിയിലെ പ്രമുഖ ന്യൂറോ സർജൻ എന്റെ സ്കാൻ റിസൾട്ട് നോക്കി ഹരിച്ചതിനും ഗുണിച്ചതിനും ശേഷം മൊഴിഞ്ഞു . കേൾക്കാൻ മാസ്സ് പേരായതുകൊണ്ടും അപൂർവ്വത്തിൽ അപൂർവമായ ആ അവസ്ഥക്ക് എന്നെ തിരഞ്ഞെടുത്തതിനാലും ആ രോഗത്തെ കുറിച്ച് വീണ്ടും ഞാൻ വിവരങ്ങൾ ഡോക്ടറോട് ചോദിച്ചു .അദ്ദേഹം ഒരു കടലാസെടുത്തു പേനയും എടുത്തു കുറെ വരകൾ നെടുകനെയും കുറുന്നനെയും വരച്ചു .എന്നിട്ടു എന്നോട് പറഞ്ഞു ,"ഇതുകണ്ടോ ,ഇത് പോലെയാണ് താങ്കളുടെ തലയിലെ ചില nerves ,അങ്ങോട്ടും ഇങ്ങോട്ടും കെട്ട് പിണഞ്ഞു കിടക്കാ...ഈ കാക്ക ഇലക്ട്രിക്ക് ലൈനിൽ പെട്ടാൽ കണ്ടിട്ടില്ലേ ,അതുപോലെയാണ് താങ്കൾക്കു തലയിൻ ഷോർട് സര്ക്യൂട് ആയി വേദന വരുന്നത് ."...
ഇനി ആ വേദനയെ കുറിച്ച് - ഹാവൂ....ഒരു ദിവസം 3 - 4 തവണ വരും ,5 മിനിറ്റ് ..... താഴെ വലത്തേ പല്ലിന്റെ വശത്തുനിന്നും തുടങ്ങി അങ്ങ് ചെവിയുടെ മുകളിൽ എത്തും ...എന്നിട്ടു അവിടെ മാലപ്പടക്കം പൊട്ടിക്കും ....5 മിനിറ്റ് കഴിഞ്ഞാൽ എല്ലാം നോർമൽ ...2009 ത്തിൽ നാട്ടിൽ ഉള്ളപ്പോളാണ് ഇത് .ഒരു പല്ലു വേദനയിൽ തുടങ്ങി .ആദ്യം തിരൂരിൽ തുടങ്ങി ,ബാംഗ്ലൂർ വഴി ,മണിപ്പാൽ വഴി കോഴിക്കോട്ടെത്തി വേദന സംഹാരി അന്വേഷിഷിച്ചുള്ള ആ യാത്ര .അവസാനം ആ പ്രമുഖ ആശുപത്രിയിൽ ...
" അപ്പോൾ എന്താ ചെയ്യാ സർ " ....
"പേടിക്കണ്ട ,ഈ രോഗം കൊണ്ട് ആരും മരിച്ചിട്ടില്ല ,ആത്മഹത്യാ ചെയ്തവരൊഴിച്ചു"....... ,നിങ്ങൾക്ക് ഞാൻ ഒരു നല്ല painkiller തരാം ."....
gebapentin 300 എന്ന ആ മരുന്ന് കുറിപ്പ് നോക്കി ഞാൻ അദ്ദേഹത്തോട് ചോദിച്ചു ," സർ ഇതിനു ആൾക്കഹോള് മായി വല്ല പ്രശ്നവുമുണ്ടോ ? .... മൂപര് അർത്ഥഗര്ഭമായി ചിരിച്ചുകൊണ്ട് പറഞ്ഞു ," കള്ളിന്റെ ആവശ്യം താങ്കൾക്ക് വരില്ല ". അന്ന് രാത്രി ആ മരുന്നിന്റെ ആദ്യ ഡോസ് എടുത്തപ്പോളാണ് അയാൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് പിടികിട്ടിയത് .ശരിക്കും പറക്കുകയായിരുന്നു .പിന്നെ ഉറക്കം ...എന്തായാലും വേദന കുറഞ്ഞു .... കുറയാതിരിക്കില്ലല്ലോ , അപസ്മാരത്തിന്റെ മരുന്ന് അല്ലെ അയാൾ എനിക്ക് തന്നിരിക്കുന്നത് ! ..അതെ അപസ്മാരത്തിന്‍റെ
മരുന്ന് അയാൾ എന്നെ ഒരു മാസം തീറ്റിച്ചു..... എന്തിന് ?..അത് വെറും പല്ലു വേദന ആയിരുന്നു .ഗൾഫിലുള്ള എന്റെ പെങ്ങൾ നാട്ടിൽ വന്നപ്പോൾ കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഡെന്റൽ മേധാവിയെ കൊണ്ട് കാണിച്ചു .അപ്പോഴാണറിയുന്നതു ഇത് പണ്ട് റൂട്ട് കനാൽ ചെയ്ത പല്ലിലെ പ്രശനമാണെന്നത് .5 ദിവസം ആന്റിബിയോട്ടിക് . എല്ലാം കഴിഞ്ഞു .ഇന്നിത് വരെ ആ കൊലമാസ്സ് വേദന വന്നിട്ടില്ല .എങ്ങനുണ്ട്??
എന്തായാലും ആ പ്രമുഖ ന്യൂറോ സർജന് പ്രണാമം ...ഒരു മാസം നല്ല" ട്രിപ്പ് " ആയിരുന്നു .....
2016 സെപ്റ്റംബർ 28, ബുധനാഴ്‌ച
പരീക്ഷ
2016 സെപ്റ്റംബർ 13, ചൊവ്വാഴ്ച
ആരാന്റെ കാശ്...
ഒരു ദിവസം വൈകിട്ട് കാശു ടാലി ആക്കിയപ്പോൾ 40000 ദിർഹംസ് കൂടുതൽ !! എത്ര തവണ എണ്ണിയിട്ടും അങ്ങനെ തന്നെ ...കൈ കാൽ വിറക്കാൻ തുടങ്ങി .... എന്തായാലും 200 ന്റെ 200 നോട്ടുകൾ ഞാൻ ഭദ്രമായി ലോക്കറിൽ വച്ചു,അടുത്ത ദിവസം അകൗണ്ടന്റിനോട് ചോദിയ്ക്കാൻ തീരുമാനിച്ചു .രാവിലെ എത്തി അക്കൗണ്ടന്റ് ശശിയേട്ടനോട് ചോദിച്ചപ്പോൾ തനി തൃശൂര് ഭാഷയിൽ മറുപടി ," നീ കൊറച്ചു ദിവസം അവിടെ വെക്കടാ ...ആരും വന്നില്ലെങ്കിൽ അപ്പൊ നോക്കടാ "... എന്നാലും എനിക്ക് ഒരു സമാധാനവുമില്ല ...ഞാൻ എന്റെ ജിഗർ ദോസ്ത് ജാനിയെ വിളിച്ചു , അവൻ ഷാർജയിലുണ്ട് ...അവന്റെ വക .."എനിക്ക് bose ന്റെ acoustimas സ്പീക്കർ മതി .ബാക്കി പൈസ നീ വച്ചോ ". കാര്യത്തിലായാലും തമാശ ആയാലും അതിനോട് യോജിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല . അന്ന് വൈകീട്ട് ജാനി തിരിച്ചു വിളിച്ചു പറഞ്ഞു ," എടാ ഞാൻ തമാശ പറഞ്ഞതാ ,ആ പൈസ എടുത്താൽ നമ്മൾ ഗുണം പിടിക്കില്ല "....എന്തായാലും അതെടുക്കാനുള്ള ആംപിയർ എനിക്കില്ലായിരുന്നു ,മാനേജരോട് പറയാൻ പേടി ...അഥവാ ആ കാശു എനിക്ക് കണക്കു തെറ്റിയതാണെകിലോ ??...എന്തായാലും എന്നും ആ നോട്ട് കെട്ടുകളെ ഞാൻ എടുത്തു താലോലിച്ചു അവിടെ തന്നെ തിരിച്ചു വക്കും .
അങ്ങനെയിരിക്കെ രണ്ടാഴ്ച കഴിഞ്ഞു മലയാളിയായ സത്താർ ,അവന്‍ ഒരു വലിയ റഷ്യന്‍ കച്ചവടകാരന്റെ സഹായിയാണ്, എന്നെ വിളിച്ചു ..
" ഷാജി,, ന്റെ ഒരു 40000 ദിർഹംസ് മിസ്സാടോ ...അയാളെന്നെ കൊല്ലും ...ജീവിതം മുഴുവൻ ഓന്റെ കൂടെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും ..എന്തെങ്കിലും അറിയുമോ ? ഞാൻ അന്ന് അന്റെ ഷോപ്പിലും വന്നിരുന്നു ."
ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ മടിക്കുന്ന നിമിഷം . അവന്റെ തന്നെ എന്ന് 99 ശതമാനം എനിക്ക് ഉറപ്പു തോന്നി ..എങ്കിലും തിരിച്ചു കൊടുക്കുന്നതിനു മുൻപ് അലിയോടൊന്നു( മാനേജർ)പറയാം .ഞാൻ സത്താറിനോട് പറഞ്ഞു ചെക്ക് ചെയ്തു തിരിച്ചു വിളിക്കാം എന്ന് . അങ്ങനെ സംഭവം അലിയോട് വിവരിച്ചു ...അലി പറഞ്ഞു ," കൊടോത്തോളു ,പക്ഷെ ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങണം ".
കാശ് കൈയിൽ കിട്ടിയപ്പോ നിറ കണ്ണുകളോടെ സത്താര്‍ എന്നെ കുറച്ചു നേരം നോക്കി നിന്നു.എന്നിട്ട് പറഞ്ഞു , ..
."എങ്ങനാ ഞാൻ നന്ദി പറയാ ,,പടച്ചോൻ കാക്കും അന്നെ"....
മനസാക്ഷി എന്ന പടച്ചോൻ ഒരിക്കലും നന്നാക്കില്ലായിരുന്നു എന്നെ ആ കാശെടുത്തിരുന്നെങ്കിൽ .
2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച
ഇബ്രാഹിം
പക്ഷെ ഇബ്രാഹിം അവന്റെ നല്ല സൗഹാർദം തുടർന്നു.എന്ത് ബുദ്ധിമുട്ടു പറഞ്ഞാലും അവനുണ്ടാക്കും .എന്നെ ബോംബയിൽ കൊണ്ടുപോകാത്ത സ്ഥലങ്ങളില്ല ... മുൻപ് എഴുതിയ അനുഭവങ്ങളുടെ കലവറയിൽ നിന്നും പലതും എടുക്കാൻ അവനാണ് സഹായിച്ചത് .
ഒരു ദിവസം ഞാനും ഒരു സുഹൃത്തും ബീണ്ടി ബസാറിലൂടെ നടക്കുമ്പോൾ അതാ ഇബ്രാഹിം ഒരുത്തനെ റോട്ടിലിട്ടു തല്ലുന്നു..തല്ലു കൊള്ളുന്നവനും ഞങ്ങളുടെ നാട്ടുകാരൻ തന്നെ ,ഞങ്ങൾ വേഗം ചെന്ന് "ചായക്കാരൻ" പിടിച്ചു അവനെ മാറ്റി .അവൻ ചെയ്ത കുറ്റം - കാശ് കടം മേടിച്ചു മുങ്ങി നടക്കാണത്രെ .
91- മധ്യത്തിൽ നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചപ്പോ ഇബ്രാഹിം പറഞ്ഞു "എന്നാൽ ഞാനും ഉണ്ട് ,എന്റെ മാരുതിയിൽ പോകാം "..ആയിക്കോട്ടെ . അങ്ങനെ ഞങ്ങൾ ബോംബെ to തിരൂർ യാത്ര തുടങ്ങി ...വീണ്ടും അനുഭവങ്ങൾ .
വീട്ടിലെത്തി ഞാൻ എന്റെ പെട്ടി തുറന്നപ്പോൾ അതിൽ ഒരു 500 രൂപ നോട്ട്. ഇബ്രാഹിമിന്റെ വസ്ത്രങ്ങൾ എന്റെ പെട്ടിയിലും കുറച്ചു വച്ചിരുന്നു ,അതിൽ നിന്നും വീണതാകാം . ഞാൻ അതിനെ കുറച്ചു നേരം നോക്കി നിന്നു. മനസ്സിൽ ഓടി വന്നത് തല്ലു കിട്ടി വീണു കിടക്കുന്ന നാട്ടുകാരന്റെ മുഖമായിരുന്നു . അന്ന് തന്നെ ഇബ്രാഹിമിന്റെ വീട്ടിൽ പോയി അത് തിരിച്ചു കൊടുത്തു .പക്ഷെ അവൻ പറഞ്ഞത് ഇതായിരുന്നു " നീ നന്നാവൂല്ലാ മോനെ ...500 രൂപ വെറുതെ കിട്ടിയിട്ട് വേണ്ടാന്ന് വെച്ചയാള്"...
ഇപ്പൊ അവൻ രണ്ടാം നമ്പർ എല്ലാം നിറുത്തി ഭാര്യയും മക്കളുമായി നാട്ടിൽ റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവുമായി സുഖമായി ജീവിക്കുന്നു .നല്ലതു വരട്ടെ .
ഡിസ്‌കൗണ്ട്
ഓര്മ വരുന്നത് ബോറിവിലിയിൽ ഞങ്ങൾ ഒത്തുകൂടിയ ആ ദിവസമാണ് .ദിലീപിന്റെ പുതിയ വീടിന്റെ പാല് കാച്ചാലെന്ന പേരിൽ ബീയറടി. കൂടെ യൂജിൻ, പൂജ പിന്നെ ദിലീപിന്റെ അന്നത്തെ ഗേൾഫ്രണ്ടും ഇന്നത്തെ ഭാര്യയുമായ മനീഷയും . എന്റെ കയ്യിൽ അന്നൊരു RX100 ഉണ്ട് ,ഞാൻ അതിലും യൂജിൻ അവന്റെ ബൈക്കിലും ബിയർ മേടിച്ചു തിരിച്ചു വരികയാണ് . ഹൈവേയിൽ ഒരു സൈഡിൽ നിന്നും മറുവശത്തെത്തണം... U -turn അങ്ങ് ദൂരെയാണ് .യൂജിൻ അവന്റെ ബോംബെ സ്ട്രീറ്റ് smartness ഉപയോഗിച്ച് ഒരു ചെറിയ ഗ്യാപിലൂടെ ബൈക്ക് മറുവശമെത്തിച്ചു . ഞാനും അത് കോപ്പി അടിച്ചു ...നേരെ മുന്നിൽ പോലീസ് ചൗക്കി .യൂജിൻ അതേ ബോംബെ പാടവത്തിൽ എങ്ങനെയോ രക്ഷ പെട്ടിരുന്നു . ഞാൻ പെട്ടു !
"ലൈസൻസ് എടുക്ക്" .. കൊടുത്തു .
( ബോംബെ ഹിന്ദിയിലുള്ള പല തെറികളും അവിടെയും ഇവിടെയും അയാൾ ഉപയോഗിക്കുന്നുണ്ട് .അതൊന്നും ഇവിടെ എഴുതാൻ പറ്റില്ലല്ലോ ...)
"ഇവിടെ U TURN പാടില്ലെന്നറിയില്ലേ "?
"അറിയില്ല സർ "... (നുണ )
"ഹും...ഫൈൻ അടക്കണം "...
" എത്രയാണ് സർ "....
"200"....
"അയ്യോ ...അത്രയൊന്നും എന്റെ കൈയിലില്ല സർ "
"എന്നാ ..100 അടയ്ക്ക് "...
"ഇല്ല സർ "...
(തെറിയുടെ മാലപ്പടക്കം ).... "എത്രയുണ്ട് കയ്യിൽ 50 ഉണ്ടോ ? ( കിലുക്കം ഇറങ്ങുന്നതിനു മുൻപാണിത് )
"ഇല്ല സർ "
പേഴ്സ് എടുക്ക് ... എടുത്തു ,കൊടുത്തു . അതിൽ 20 ഇന്ത്യൻ റുപ്പീസ് !!
റാസ മുറാദിന്റെ മുഖ ഛായയുള്ള അയാൾ എന്നെ ഒന്ന് നോക്കി ...കണ്ണിൽ അല്പം അനുകമ്പ കണ്ട പോലെ തോന്നി .
"നീ മലയാളി ആണല്ലേ "?? എന്താ അച്ഛന്റെ പേര് ?
"അബ്ദുൽ കരീം "...
ആ മുഖത്ത് ഒരു നേർത്ത ചിരി പരന്നു. . "മുസൽമാനാണല്ലേ "? ഞാനും മുസല്മാനാണ് .....". മതങ്ങളെ സംശയ ദൃഷ്ടിയോടെ കാണാൻ തുടങ്ങിയ സമയമായിരുന്നു അത് . ഞാനൊന്നും പറഞ്ഞില്ല .
"ഒരു കാര്യം ചെയ്യൂ . 20 രൂപ ഞാനെടുക്കാം , നീ കൂട്ടുകാരെ അടുത്ത് പോയി ഒരു 50 രൂപയും കൂടി മേടിച്ചു വാ . ഞാൻ ഇവിടെയുണ്ടാകും ".
നീ ഒരു മുസൽമാനായത് കൊണ്ടാണ് ഈ ഡിസ്‌കൗണ്ട് ".
മതം തന്ന ആ ഡിസ്‌കൗണ്ടും മേടിച്ചു ഞാൻ സ്ഥലം വിട്ടു .....റാസ മുറാദ് അവിടെത്തന്നെ നിൽക്കാണ്.
ഓർമ്മ
അവിടെ ചെന്ന് ദിവസങ്ങൾക്കകം ഞാൻ അസുഖം പിടിച്ചു കിടപ്പായി .ആ ദിവസം ഞാൻ ശരിക്കോർക്കുന്നു...നല്ല മഴയുണ്ടായിരുന്നു .കൂടെയുള്ളവരെല്ലാം സ്കൂളിൽ പോയി . ഞാൻ പുതപ്പിട്ടു മൂടികിടന്നു കൊടിയ പനിയെ തോൽപിക്കാൻ ശ്രമിക്കുന്നു .പനിയുടെ ആധിക്യത്തിൽ
കൈയും കാലും ബലൂൺ പോലെ വീർത്തു തോന്നുന്ന അവസ്ഥ ... എനിക്ക് ഉമ്മാനെ കാണണം ..ഇടയ്ക്കു വന്നു നോക്കുന്ന ഹോസ്റ്റൽ വാർഡനോട് ഞാൻ ചോദിക്കും ,"ഉമ്മ എപ്പോ വരും ?..അയാൾ പറയും ,.."വിളിച്ചിട്ടുണ്ട് ഉടനെ വരും "...ആ നുണയും വിശ്വസിച്ചു കിടന്ന ഞാൻ പെട്ടെന്ന് കേട്ടു -കാലൊച്ച !! ഉമ്മ വരുന്നുണ്ട് ...ഞാൻ എങ്ങനെയോ പുതപ്പു മാറ്റി , പനിലഹരിയോടെ വാതിൽക്കൽ ചെന്ന് നിന്നു. അവിടെ ആരുമില്ലായിരുന്നു ..മഴയുടെ കൂടെ വന്ന ചെറിയ തണുത്ത കാറ്റ് മാത്രം .
മഴ തീർന്നിരുന്നു ...കാലൊച്ച പക്ഷെ ഇപ്പോഴും കേൾക്കാം ...ഞാൻ ചുറ്റും നോക്കി . ആരുമില്ല ...പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് ആ ശബ്ദം കാലൊച്ചയല്ലായിരുന്നു ... ഇറയിൽ നിന്നും ഇറ്റി വീഴുന്ന ,ബാക്കി വന്ന മഴത്തുള്ളികൾ താഴെ മണ്ണിൽ വീഴുന്ന ശബ്ദമായിരുന്നു അത് . പനിയുടെ മതിഭ്രമം അതിനെ ഉമ്മയുടെ കാലൊച്ചയാക്കി മാറ്റി .കരഞ്ഞു കൊണ്ട് ഞാൻ തിരിച്ചു കിടക്കയിൽ പോയി കിടന്നു .
ഈ ഓർമ്മ എനിക്ക് വീണ്ടും വന്നത് കുറച്ചു വര്ഷം മുൻപ് "താരേ സമീൻ പർ" എന്ന സിനിമ കണ്ടപ്പോളാണ് . കൊച്ചു കുട്ടികളെ ബോർഡിങ് സ്കൂളിൽ വെക്കുന്നത് child -abuse നു സമാനമാണെന്നാണ് എനിക്ക് തോന്നുന്നത് . ( എന്റെ parents നോട് എനിക്ക് ഇതേ ചൊല്ലി ഒരു പരിഭവും ഇല്ല .അവർ ആഗ്രഹിച്ചത് എന്റെ പഠിപ്പിന്റെ നിലവാരം ഉയർത്താനായിരുന്നു .പക്ഷെ ഞാൻ ഞാനായതിനാൽ എൻറെ നിലവാരം അങ്ങനെ തന്നെ നിന്നു ..6 th കഴിഞ്ഞപ്പോൾ തിരിച്ചു വെട്ടെത്ത സ്കൂളിൽ വീണ്ടും .)