2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഡിസ്‌കൗണ്ട്

90 കളുടെ തുടക്കത്തിൽ കുറച്ചു നാൾ ബോംബയിൽ ഉണ്ടായിരുന്നു .നാട്ടിൽ തേരാ പാര നടക്കാതെ  അനുഭവങ്ങളുടെ കലവറയായ ബോംബെയിൽ പോയി വല്ലതും എടുക്കാൻ ഉപ്പ തന്നെയാണ് പ്രേരിപ്പിച്ചത് .പിന്നെ പ്രിയ സുഹൃത്ത് ദിലീപിന്റെ ക്ഷണവും.

ഓര്മ വരുന്നത് ബോറിവിലിയിൽ ഞങ്ങൾ ഒത്തുകൂടിയ ആ ദിവസമാണ് .ദിലീപിന്റെ പുതിയ വീടിന്റെ പാല് കാച്ചാലെന്ന പേരിൽ ബീയറടി. കൂടെ യൂജിൻ, പൂജ പിന്നെ ദിലീപിന്റെ അന്നത്തെ ഗേൾഫ്രണ്ടും ഇന്നത്തെ ഭാര്യയുമായ മനീഷയും . എന്റെ കയ്യിൽ അന്നൊരു RX100 ഉണ്ട് ,ഞാൻ അതിലും യൂജിൻ അവന്റെ ബൈക്കിലും ബിയർ മേടിച്ചു തിരിച്ചു വരികയാണ് . ഹൈവേയിൽ ഒരു സൈഡിൽ നിന്നും മറുവശത്തെത്തണം... U -turn അങ്ങ് ദൂരെയാണ് .യൂജിൻ അവന്റെ ബോംബെ സ്ട്രീറ്റ് smartness ഉപയോഗിച്ച് ഒരു ചെറിയ ഗ്യാപിലൂടെ ബൈക്ക് മറുവശമെത്തിച്ചു . ഞാനും അത് കോപ്പി അടിച്ചു ...നേരെ മുന്നിൽ പോലീസ് ചൗക്കി .യൂജിൻ അതേ ബോംബെ പാടവത്തിൽ എങ്ങനെയോ  രക്ഷ പെട്ടിരുന്നു . ഞാൻ പെട്ടു !

"ലൈസൻസ്   എടുക്ക്" .. കൊടുത്തു .
( ബോംബെ ഹിന്ദിയിലുള്ള പല തെറികളും അവിടെയും ഇവിടെയും അയാൾ ഉപയോഗിക്കുന്നുണ്ട് .അതൊന്നും ഇവിടെ എഴുതാൻ പറ്റില്ലല്ലോ ...)

"ഇവിടെ U TURN  പാടില്ലെന്നറിയില്ലേ "?

"അറിയില്ല സർ "... (നുണ )

"ഹും...ഫൈൻ അടക്കണം "...

" എത്രയാണ് സർ "....

"200"....

"അയ്യോ ...അത്രയൊന്നും എന്റെ കൈയിലില്ല സർ "

"എന്നാ ..100  അടയ്ക്ക് "...

"ഇല്ല സർ "...

(തെറിയുടെ മാലപ്പടക്കം ).... "എത്രയുണ്ട് കയ്യിൽ 50 ഉണ്ടോ ? ( കിലുക്കം ഇറങ്ങുന്നതിനു മുൻപാണിത് )

"ഇല്ല സർ "

പേഴ്സ് എടുക്ക് ... എടുത്തു ,കൊടുത്തു . അതിൽ  20 ഇന്ത്യൻ റുപ്പീസ് !!

റാസ മുറാദിന്റെ മുഖ ഛായയുള്ള അയാൾ എന്നെ ഒന്ന് നോക്കി ...കണ്ണിൽ  അല്പം അനുകമ്പ കണ്ട പോലെ തോന്നി .

"നീ മലയാളി ആണല്ലേ "?? എന്താ അച്ഛന്റെ പേര് ?

"അബ്ദുൽ കരീം "...

ആ മുഖത്ത് ഒരു നേർത്ത ചിരി പരന്നു. . "മുസൽമാനാണല്ലേ "? ഞാനും മുസല്മാനാണ് .....". മതങ്ങളെ സംശയ ദൃഷ്ടിയോടെ കാണാൻ തുടങ്ങിയ സമയമായിരുന്നു അത് .  ഞാനൊന്നും പറഞ്ഞില്ല .

"ഒരു കാര്യം ചെയ്യൂ . 20 രൂപ ഞാനെടുക്കാം , നീ  കൂട്ടുകാരെ  അടുത്ത് പോയി ഒരു  50 രൂപയും കൂടി മേടിച്ചു വാ . ഞാൻ ഇവിടെയുണ്ടാകും ".
നീ ഒരു മുസൽമാനായത് കൊണ്ടാണ് ഈ ഡിസ്‌കൗണ്ട് ".

മതം തന്ന ആ ഡിസ്‌കൗണ്ടും   മേടിച്ചു ഞാൻ സ്ഥലം വിട്ടു .....റാസ മുറാദ് അവിടെത്തന്നെ നിൽക്കാണ്.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ