2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഓർമ്മ

ഞാൻ നാലിൽ നിന്ന് അഞ്ചിലേക്കു പാസായപ്പോളാണ്  എന്റെ ഉപ്പാക്ക് തോന്നിയത് എന്നെ കുറച്ചു കൂടി നിലവാരമുള്ള സ്കൂളിൽ ചേർക്കണം എന്ന് . അത് കൊണ്ട് വെട്ടത്തെ സ്കൂളിൽ നിന്നും പേര് വെട്ടി എന്നെ തൃശൂരിലുള്ള ഒരു ബോര്ഡിങ് സ്കൂളിൽ കൊണ്ടാക്കി . പത്തു വയസ്സ്കാരനായ എനിക്കത്‌ മറ്റൊരു ലോകമായിരുന്നു ...അങ്ങ്  അകലെയുള്ള  ഏതോ നാട് ! .കൂടാതെ വീട്ടിൽ നിന്നും മാറിയുള്ള ജീവിതം, ഇത്താത്താന്റെയും അനിയൻ അജൂന്റെയും പിന്നെ മറ്റു സമപ്രായക്കാരായ കൂട്ടുകാരുടെയും വേര്‍പാട്‌ . അതിലെല്ലാം ഉപരി ഉമ്മയില്ലാത്ത ദിനരാത്രങ്ങൾ ...  മതപരമായ ചട്ടക്കൂടുള്ള ബോർഡിങ് സ്കൂളായതിനാൽ വല്ലാത്ത ചിട്ടകളും .ശരിക്കും കൂട്ടിലടച്ച അവസ്ഥ .

അവിടെ ചെന്ന് ദിവസങ്ങൾക്കകം ഞാൻ അസുഖം പിടിച്ചു കിടപ്പായി .ആ ദിവസം ഞാൻ ശരിക്കോർക്കുന്നു...നല്ല മഴയുണ്ടായിരുന്നു .കൂടെയുള്ളവരെല്ലാം സ്കൂളിൽ പോയി . ഞാൻ പുതപ്പിട്ടു മൂടികിടന്നു കൊടിയ പനിയെ തോൽപിക്കാൻ ശ്രമിക്കുന്നു .പനിയുടെ ആധിക്യത്തിൽ
കൈയും കാലും ബലൂൺ  പോലെ  വീർത്തു തോന്നുന്ന അവസ്ഥ ... എനിക്ക് ഉമ്മാനെ കാണണം ..ഇടയ്ക്കു വന്നു നോക്കുന്ന  ഹോസ്റ്റൽ വാർഡനോട് ഞാൻ ചോദിക്കും ,"ഉമ്മ എപ്പോ വരും ?..അയാൾ പറയും ,.."വിളിച്ചിട്ടുണ്ട്  ഉടനെ വരും "...ആ നുണയും വിശ്വസിച്ചു കിടന്ന ഞാൻ പെട്ടെന്ന് കേട്ടു -കാലൊച്ച !! ഉമ്മ വരുന്നുണ്ട് ...ഞാൻ എങ്ങനെയോ പുതപ്പു മാറ്റി , പനിലഹരിയോടെ വാതിൽക്കൽ ചെന്ന് നിന്നു. അവിടെ ആരുമില്ലായിരുന്നു ..മഴയുടെ കൂടെ വന്ന ചെറിയ തണുത്ത കാറ്റ് മാത്രം .
മഴ തീർന്നിരുന്നു ...കാലൊച്ച പക്ഷെ ഇപ്പോഴും കേൾക്കാം ...ഞാൻ ചുറ്റും നോക്കി . ആരുമില്ല ...പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് ആ ശബ്ദം കാലൊച്ചയല്ലായിരുന്നു ... ഇറയിൽ നിന്നും ഇറ്റി വീഴുന്ന ,ബാക്കി വന്ന മഴത്തുള്ളികൾ താഴെ മണ്ണിൽ വീഴുന്ന ശബ്ദമായിരുന്നു അത് . പനിയുടെ മതിഭ്രമം അതിനെ ഉമ്മയുടെ കാലൊച്ചയാക്കി മാറ്റി .കരഞ്ഞു കൊണ്ട് ഞാൻ തിരിച്ചു കിടക്കയിൽ പോയി കിടന്നു .

ഈ ഓർമ്മ എനിക്ക് വീണ്ടും വന്നത് കുറച്ചു വര്ഷം മുൻപ് "താരേ സമീൻ പർ" എന്ന സിനിമ കണ്ടപ്പോളാണ് . കൊച്ചു കുട്ടികളെ ബോർഡിങ് സ്കൂളിൽ വെക്കുന്നത് child -abuse നു സമാനമാണെന്നാണ് എനിക്ക് തോന്നുന്നത് . ( എന്റെ parents നോട് എനിക്ക് ഇതേ ചൊല്ലി ഒരു പരിഭവും ഇല്ല .അവർ ആഗ്രഹിച്ചത് എന്റെ പഠിപ്പിന്റെ നിലവാരം ഉയർത്താനായിരുന്നു .പക്ഷെ ഞാൻ ഞാനായതിനാൽ എൻറെ നിലവാരം അങ്ങനെ തന്നെ നിന്നു ..6 th കഴിഞ്ഞപ്പോൾ തിരിച്ചു വെട്ടെത്ത സ്കൂളിൽ വീണ്ടും .)
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ