2016 സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഇബ്രാഹിം

ബോംബെ അധോലോകത്തിന്റെ  ആട്ടുതൊട്ടിലായ  ഡോൺഗ്രിയിലാണ് എനിക്ക് താമസിക്കാൻ  സ്ഥലം കിട്ടിയത് ,1990 ൽ ജോലി തേടി അവിടെ എത്തിയപ്പോൾ .നല്ലവരായ ചില നാട്ടുകാരുടെ കൂടെ bed -space കിട്ടി.അവിടെ അതിഥി ആയി എത്താറുള്ള ഒരു ഇബ്രാഹിം കുട്ടി ഉണ്ടായിരുന്നു . എന്റെ കൂടെ നാലാം ക്‌ളാസ്സുവരെ അവൻ ഉണ്ടായിരുന്നത്രെ ,..എനിക്കൊര്മയില്ല . എന്തായാലും ഇബ്രാഹിം ഒരു സംഭവമായിരുന്നു . നല്ല ഉരുക്കു ശരീരം ,കാരിരുമ്പിന്റെ നിറം, ചുരുളൻ മുടി ,സ്വർണ മാല  കൂടെ  ഒരു  റെയ്ബാൻ "കൂളിംഗ് ഗ്ലാസും  ". പിന്നെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തല്ലുന്ന സ്വഭാവവും . ഡോൺഗ്രിയിലെ അധോലോക സ്പന്ദനം ഓരോ കോശത്തിലും സ്വയം ഏറ്റെടുത്തവൻ . എന്നെ അവൻ ദത്തെടുത്തു ." വാ ..നീ എന്റെ കൂടെ താമസിച്ച മതി ..." ഞാൻ അനുസരിച്ചു .പെട്ടിയെടുത്തു അവന്റെ കൂടെ പോയി . അവനു വീടൊന്നുമില്ല . ദിവസ വാടക 250 (അന്നത് വലിയ തുകയാണ് ) കൊടുത്തു  ഒരു ഹോട്ടലിൽ സ്ഥിര താമസം .രാവിലെ ജോലിക്കു പോകാൻ ഒരുങ്ങുമ്പോൾ അവൻ ഒരു ബ്രീഫ്‌കേസ്  ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു ,"അത് തുറന്നു നിനക്ക് വേണ്ട പൈസ എടുത്തോ ...ബസിലൊന്നും പോകണ്ട ".ടാക്സി എടുത്താ മതി ".പെട്ടി  തുറന്നപ്പോ കണ്ണ് മഞ്ഞളിച്ചു പോയി ! ഒരു പേഴ്സും കുറച്ചു പൈസയും ആണ് പ്രതീക്ഷിച്ചതു . പക്ഷെ കണ്ടത് ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ച -ഒരു പെട്ടി നിറച്ചു നോട്ട് കെട്ട് !...എന്തായാലും അധിക ദിവസം ഞാൻ അവിടെ താമസിച്ചില്ല . തിരിച്ചു ഞാൻ എന്റെ bed -space ലേക്ക് പോയി ...
പക്ഷെ  ഇബ്രാഹിം അവന്റെ നല്ല സൗഹാർദം തുടർന്നു.എന്ത്  ബുദ്ധിമുട്ടു പറഞ്ഞാലും അവനുണ്ടാക്കും .എന്നെ ബോംബയിൽ കൊണ്ടുപോകാത്ത സ്ഥലങ്ങളില്ല ...  മുൻപ് എഴുതിയ അനുഭവങ്ങളുടെ കലവറയിൽ നിന്നും പലതും എടുക്കാൻ അവനാണ് സഹായിച്ചത് .

ഒരു ദിവസം ഞാനും ഒരു സുഹൃത്തും ബീണ്ടി ബസാറിലൂടെ നടക്കുമ്പോൾ അതാ ഇബ്രാഹിം  ഒരുത്തനെ റോട്ടിലിട്ടു തല്ലുന്നു..തല്ലു കൊള്ളുന്നവനും ഞങ്ങളുടെ നാട്ടുകാരൻ തന്നെ ,ഞങ്ങൾ വേഗം ചെന്ന് "ചായക്കാരൻ"  പിടിച്ചു അവനെ മാറ്റി .അവൻ ചെയ്ത കുറ്റം - കാശ് കടം മേടിച്ചു മുങ്ങി നടക്കാണത്രെ .

91- മധ്യത്തിൽ നാട്ടിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചപ്പോ  ഇബ്രാഹിം പറഞ്ഞു "എന്നാൽ ഞാനും ഉണ്ട് ,എന്റെ മാരുതിയിൽ പോകാം "..ആയിക്കോട്ടെ . അങ്ങനെ ഞങ്ങൾ ബോംബെ to തിരൂർ യാത്ര തുടങ്ങി ...വീണ്ടും അനുഭവങ്ങൾ .
വീട്ടിലെത്തി ഞാൻ എന്റെ പെട്ടി തുറന്നപ്പോൾ അതിൽ ഒരു  500 രൂപ നോട്ട്. ഇബ്രാഹിമിന്റെ  വസ്ത്രങ്ങൾ എന്റെ പെട്ടിയിലും കുറച്ചു വച്ചിരുന്നു ,അതിൽ നിന്നും വീണതാകാം . ഞാൻ അതിനെ കുറച്ചു നേരം നോക്കി നിന്നു. മനസ്സിൽ ഓടി വന്നത് തല്ലു കിട്ടി വീണു കിടക്കുന്ന നാട്ടുകാരന്റെ മുഖമായിരുന്നു . അന്ന് തന്നെ ഇബ്രാഹിമിന്റെ വീട്ടിൽ പോയി അത് തിരിച്ചു കൊടുത്തു .പക്ഷെ അവൻ പറഞ്ഞത് ഇതായിരുന്നു " നീ നന്നാവൂല്ലാ മോനെ ...500 രൂപ വെറുതെ കിട്ടിയിട്ട് വേണ്ടാന്ന് വെച്ചയാള്"...

ഇപ്പൊ അവൻ  രണ്ടാം നമ്പർ എല്ലാം നിറുത്തി  ഭാര്യയും മക്കളുമായി നാട്ടിൽ റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവുമായി  സുഖമായി ജീവിക്കുന്നു .നല്ലതു വരട്ടെ .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ