2016 സെപ്റ്റംബർ 13, ചൊവ്വാഴ്ച

ആരാന്റെ കാശ്...

1993 ലാണ് ദുബായിൽ എത്തിയത് .ആദ്യ ജോലി ഒരു ഇലക്ട്രോണിക് ഷോപ്പിൽ സെയിൽസ്മാൻ ആയി . അന്നത്തെ റഷ്യൻ  invasion  കൊണ്ട് മാർക്കറ്റ് തിളങ്ങി നിൽക്കുന്ന കാലം . തിരക്ക് കുറക്കാനും  ,opthom  ( wholesale ) കസ്റ്റമേഴ്സിനെ പ്രത്യേകം സേവിക്കാനുമായി  നാസർ സ്‌കോയാറിൽ തന്നെ മുതലാളി  ഒരു ഷോപ് ഇട്ടു ,എന്നെ സെയിൽസ്മാന്  ആയും  അദ്ദേഹത്തിന്റെ സ്വന്തം അനുജനെ മാനേജർ ആയും നിയോഗിച്ചു .എന്റെ ജോലി ഓർഡർ എടുക്കുക , ക്യാഷ് കൌണ്ടർ കൈകാര്യം ചെയ്യുക ,ഡെലിവറി coordinate  ചെയ്യുക എന്നതായിരുന്നു ( എല്ലാം ഞാൻ തന്നെ )

ഒരു ദിവസം വൈകിട്ട്  കാശു ടാലി ആക്കിയപ്പോൾ 40000 ദിർഹംസ് കൂടുതൽ !! എത്ര തവണ എണ്ണിയിട്ടും അങ്ങനെ തന്നെ ...കൈ കാൽ വിറക്കാൻ തുടങ്ങി ....  എന്തായാലും  200 ന്റെ 200 നോട്ടുകൾ ഞാൻ ഭദ്രമായി ലോക്കറിൽ  വച്ചു,അടുത്ത ദിവസം അകൗണ്ടന്റിനോട് ചോദിയ്ക്കാൻ തീരുമാനിച്ചു .രാവിലെ  എത്തി അക്കൗണ്ടന്റ് ശശിയേട്ടനോട് ചോദിച്ചപ്പോൾ തനി തൃശൂര് ഭാഷയിൽ മറുപടി ," നീ കൊറച്ചു ദിവസം അവിടെ വെക്കടാ ...ആരും വന്നില്ലെങ്കിൽ അപ്പൊ  നോക്കടാ "... എന്നാലും എനിക്ക് ഒരു സമാധാനവുമില്ല ...ഞാൻ എന്റെ ജിഗർ ദോസ്ത് ജാനിയെ വിളിച്ചു , അവൻ ഷാർജയിലുണ്ട് ...അവന്റെ വക .."എനിക്ക് bose  ന്റെ acoustimas  സ്പീക്കർ മതി .ബാക്കി പൈസ നീ വച്ചോ ". കാര്യത്തിലായാലും തമാശ ആയാലും അതിനോട് യോജിക്കാൻ  മനസ്സ് സമ്മതിക്കുന്നില്ല . അന്ന് വൈകീട്ട് ജാനി തിരിച്ചു വിളിച്ചു പറഞ്ഞു ," എടാ ഞാൻ തമാശ പറഞ്ഞതാ ,ആ പൈസ എടുത്താൽ നമ്മൾ ഗുണം പിടിക്കില്ല "....എന്തായാലും അതെടുക്കാനുള്ള ആംപിയർ എനിക്കില്ലായിരുന്നു ,മാനേജരോട് പറയാൻ പേടി ...അഥവാ ആ കാശു എനിക്ക് കണക്കു തെറ്റിയതാണെകിലോ ??...എന്തായാലും എന്നും ആ നോട്ട് കെട്ടുകളെ ഞാൻ എടുത്തു താലോലിച്ചു അവിടെ തന്നെ തിരിച്ചു വക്കും .
അങ്ങനെയിരിക്കെ രണ്ടാഴ്ച കഴിഞ്ഞു മലയാളിയായ  സത്താർ ,അവന്‍ ഒരു വലിയ റഷ്യന്‍  കച്ചവടകാരന്റെ സഹായിയാണ്, എന്നെ വിളിച്ചു ..

" ഷാജി,, ന്റെ ഒരു 40000 ദിർഹംസ് മിസ്സാടോ ...അയാളെന്നെ കൊല്ലും ...ജീവിതം മുഴുവൻ ഓന്റെ  കൂടെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും ..എന്തെങ്കിലും അറിയുമോ ? ഞാൻ അന്ന് അന്റെ  ഷോപ്പിലും വന്നിരുന്നു ."

ഉണ്ടെന്നോ  ഇല്ലെന്നോ പറയാൻ മടിക്കുന്ന നിമിഷം . അവന്റെ തന്നെ എന്ന് 99 ശതമാനം എനിക്ക് ഉറപ്പു തോന്നി ..എങ്കിലും തിരിച്ചു കൊടുക്കുന്നതിനു മുൻപ് അലിയോടൊന്നു( മാനേജർ)പറയാം .ഞാൻ സത്താറിനോട് പറഞ്ഞു ചെക്ക് ചെയ്തു തിരിച്ചു വിളിക്കാം എന്ന് . അങ്ങനെ സംഭവം അലിയോട് വിവരിച്ചു ...അലി പറഞ്ഞു ," കൊടോത്തോളു ,പക്ഷെ ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങണം ".
കാശ് കൈയിൽ കിട്ടിയപ്പോ നിറ കണ്ണുകളോടെ സത്താര്‍ എന്നെ കുറച്ചു നേരം നോക്കി നിന്നു.എന്നിട്ട് പറഞ്ഞു , ..
."എങ്ങനാ ഞാൻ നന്ദി പറയാ ,,പടച്ചോൻ കാക്കും അന്നെ"....

മനസാക്ഷി എന്ന പടച്ചോൻ ഒരിക്കലും നന്നാക്കില്ലായിരുന്നു എന്നെ ആ കാശെടുത്തിരുന്നെങ്കിൽ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ